കൊല്ലം : വാടകക്കെടുത്ത ക്യാമറകളും ലെന്‍സുകളും ഓണ്‍ലൈന്‍ സൈറ്റിലിട്ടു മറിച്ചു വിറ്റ കേസിലെ പ്രതിയെ വര്‍ക്കല – അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കാവനാട് മീനത്ത് ചേരി കളിയില്‍ കിഴക്കതില്‍ ബിനു കൃഷ്ണന്‍(28) ആണ് പിടിയിലായത്. ചെമ്മരുതി മുട്ടപ്പലം കുമിളി റോഡില്‍ കാട്ടില്‍ വീട്ടില്‍ ഡിലിജന്റ് ബ്ലസിയുടെ 2.5 ലക്ഷം രൂപയുടെ ക്യാമറയും 75,000 രൂപയുടെ രണ്ടു ലെന്‍സുമാണ് പ്രതി വാടകയ്ക്കു എടുത്ത് മുങ്ങിയത്.
ക്യാമറ വാടകയ്ക്കു നല്‍കാനുണ്ടെന്ന് ഓണ്‍ലൈന്‍ വഴി പരസ്യം കണ്ട് പ്രതി ബ്ലസിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു കൃഷ്ണന്‍ ചെന്നൈയിലെക്ക് കടന്നു. ശേഷം ക്യാമറയും ലെന്‍സുകളും അവിടെ ഓണ്‍ലൈനായി വിറ്റു. തുടര്‍ന്നു നാട്ടിലെത്തി ഒളിവില്‍ കഴിയവേയാണ് ഓച്ചിറയില്‍ നിന്ന് അയിരൂര്‍ പോലീസ് പിടികൂടിയത്. ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍, അയിരൂര്‍ എസ്‌എച്ച്‌ഒ വി.കെ.ശ്രീജേഷ്, എസ്‌ഐ ആര്‍.സജീവ്, ഗ്രേഡ് എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐ ബി.ശ്രീകുമാര്‍, സിപിഒമാരായ വി.സജീവ്, സുജിത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കൊല്ലം കിളിക്കൊല്ലൂര്‍ സ്റ്റേഷനിലും പ്രതിയുടെ പേരില്‍ സമാനമായ കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു.