പാലോട് : വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍. പുലിയൂര് പച്ചക്കാട് തടത്തരികത്ത് വീട്ടില്‍ അര്ജുനന് എന്ന ഉദയകുമാര്‍ (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം. പുലിയൂര് പച്ചക്കാട് സ്വദേശി രാധയെയാണ് (72) ആക്രമിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ വീടിന്റെ പിന്‍വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തി. ശേഷം ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
പാലോട് പോലീസ് സ്ഥലവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കടബാധ്യതകള്‍ തീര്‍ക്കാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച സ്വര്‍ണം നെടുമങ്ങാടുള്ള ഫിനാന്‍സ് സ്ഥാപനത്തിലും ബാക്കിയുള്ളത് സ്വര്ണക്കടയിലും വില്പന നടത്തിയതായി പ്രതി സമ്മതിച്ചു.
റൂറല്‍ ജില്ല പോലീസ് മേധാവി പി.കെ. മധുവിന്റെ നിര്‍ദേശാനുസരണം നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, മുന്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്.ഐ നിസാറുദീന്‍, ജി.എസ്.ഐമാരായ റഹിം, വിനോദ്, ഉദയന്‍, സി.പി.ഒമാരായ ഗീത, സുജുകുമാര്‍, ഉമേഷ്, രാജേഷ്, റിയാസ്, വിനീത്, രതീഷ്, നെടുമങ്ങാട് ഡാന്‍സഫ് ടീമംഗങ്ങളായ ജി.എസ്.ഐ ഷിബുകുമാര്‍, എ.എസ്.ഐ സജുകുമാര്‍, സുനിലാല്‍, ഫിംഗര്‍ പ്രിന്റ് എക്സ്പര്‍ട്ട് ചിത്രാദേവി, സയന്റിഫിക് അസിസ്റ്റന്റ് ദര്‍ശന എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.