തിരുവനന്തപുരം : പ്രവാസിയായ സഹോദരിയുടെ വീട് കുത്തിത്തുറന്ന് 57 പവന്‍ മോഷ്ടിച്ചു മുങ്ങിയ കണിയാപുരം ചിറ്റാറ്റുമുക്ക് വയലില്‍ക്കട നര്‍ഗീസ് മന്‍സിലില്‍ ഷാഹീദി (50)നെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരി തമിഴ്‌നാട് പൊലീസിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പോലീസ് പറയുന്നത് ഇങ്ങനെ പ്രവാസിയായിരുന്ന ഷാഹീദിന്‍റെ കുടുംബം തമിഴ്‌നാട്ടിലാണ് താമസം. ഗള്‍ഫില്‍ ജോലി ഇല്ലാതായതോടെ ഏതാനും മാസങ്ങളായി കണിയാപുരത്തുള്ള ഭാര്യയുടെ വീട്ടില്‍ താമസിക്കുന്ന ഷാഹീദ് ചിറ്റാറ്റുമുക്കിനു സമീപം പച്ചക്കറിക്കട നടത്തിവരികയായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് തമിഴ് നാട്ടില്‍ താമസിച്ചിരുന്ന സഹോദരി വീടുപൂട്ടി നാട്ടിലേക്കു പോയ സമയത്ത് ഇവിടെ എത്തി കവര്‍ച്ച നടത്തുകയായിരുന്നു. എന്നാല്‍ മോഷണശേഷം വീട്ടില്‍ സ്വന്തം മൊബൈല്‍ഫോണ്‍ മറന്നുവച്ചതാണ് ഷാഹീദിനെ കുടുക്കിയത്.
ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക ഉടനെ തിരിച്ചടയ്ക്കണം എന്ന സന്ദേശം ഫോണില്‍ വന്നതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടാണ് ഫോണിന്‍റെ ഉടമയെ കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുമ്പോള്‍ ഗള്‍ഫിലേക്ക് മടങ്ങാനായി ഷാഹീദ് ഹൈദരാബാദിലെത്തിയിരുന്നു.
അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസിന്‍റെ സഹായത്തോടെ മോഷ്ടിച്ച സ്വര്‍ണത്തില്‍ 52 പവന്‍ ചിറ്റാറ്റുമുക്കിലെ വീട്ടില്‍ നിന്നു തമിഴ്‌നാട് പോലീസ് കണ്ടെടുത്തു. കേരളത്തിലേക്കു കൊണ്ടുവരാന്‍ ഉപയോഗിച്ച കാര്‍ വെഞ്ഞാറമൂടിനു സമീപം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. കണിയാപുരത്തുള്ള ഒരു ബാങ്കില്‍ നിന്നു വന്‍ തുക വായ്പ എടുത്തിരുന്നതായും അത് തിരിച്ചടക്കാനുള്ള തുക കണ്ടെത്താനായിട്ടാണ് മോഷണം നടത്തിയത്.