തൃശ്ശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വ്യാഴാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഷഹന്‍സാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രവാസിയായ ഷഹന്‍സാദ് അവിടെ ജോലി മതിയാക്കി നാട്ടില്‍ മത്സ്യക്കച്ചവടം നടത്തി വരികയാണ്. ഇന്ന് രാവിലെ ഒമ്പതും മൂന്നും വയസുള്ള മക്കളെ ഇയാള്‍ വടക്കേകരയിലുള്ള സ്വന്തം വീട്ടിലാക്കി പോവുകയായിരുന്നു. മക്കളെ മാത്രം കൊണ്ടു വന്നതില്‍ സംശയം തോന്നിയ ഇയാളുടെ പിതാവ് ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ ഒരാളോട് കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടു.
മക്കള്‍ മാത്രമെയുള്ളുവെന്നും മരുമകള്‍ എവിടെയെന്നും അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇവിടെയെത്തിയ പ്രദേശവാസികള്‍ വീടിന്‍റെ വാതില്‍ പുറത്തു നിന്നും അടച്ച നിലയിലാണ് കണ്ടത്. ഇത് തുറന്ന് അകത്ത് കയറിയപ്പോഴാണ് റഹ്മത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷഹന്‍സാദിനെ അധികം വൈകാതെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. മാള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.