കോയമ്പത്തൂര്‍ : ഭാരതിയാര്‍ സര്‍വകലാശാല വനിത ഹോസ്റ്റലില്‍ കറങ്ങി നടന്ന ആ അജ്ഞാതനെ പോലീസ് വലവിരിച്ച് പിടികൂടി. കോയമ്പത്തൂര്‍ കല്‍വീരാംപാളയം മാരിയമ്മന്‍ കോവില്‍ തെരുവിലെ പത്തൊമ്പതുകാരനായ സുരേന്ദറാണ് രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ കറങ്ങി നടന്നിരുന്നത്. സര്‍വകലാശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്ന് വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഇയാള്‍ കറങ്ങി നടന്നിരുന്നത്.
സംശയം തോന്നാതിരിക്കാനാണ് പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. അജ്ഞാത മനുഷ്യന്‍ അലഞ്ഞ് തിരിയുന്നതായും താമസിക്കാന്‍ ഭയമാണെന്നും ആരോപിച്ച് സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് മുന്നില്‍ ഹോസ്റ്റല്‍ അന്തേവാസിനികള്‍ ഈയിടെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. ഇതിനുശേഷവും ഹോസ്റ്റല്‍ മുറിയുടെ ജനലിലൂടെ ലാപ്ടോപ് എടുക്കാന്‍ ശ്രമം നടന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യുണിവേഴ്സിറ്റി രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ട് പ്രത്യേക പോലീസ് ടീമുകള്‍ നിയോഗിക്കപ്പെട്ടു. പുലര്‍ച്ച പോലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തത്.