കൊല്ലം : രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം കാട്ടി ഉപദ്രവിക്കുന്ന ക്രിമിനല്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് അതിക്രമം കാരണം പൊറുതി മുട്ടിയിരിക്കുന്നത്. പോലീസ് നടപടി വൈകുന്നതിനാല്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപം രാജ്ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്ബിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടി അകത്ത് കടക്കുന്നയാള്‍ തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും.
മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളില്‍ വലിച്ചുമുറുക്കിയാണ് ഉപദ്രവിച്ചത്. മൂന്നു പ്രാവശ്യം മൃഗങ്ങള്‍ പീഡനത്തിനിരയായി. പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പോലീസില്‍ ഏല്‍പിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ വിട്ടയച്ചു.
പശുവിനെ വളര്‍ത്തി ജീവിക്കുന്ന നിസഹായരായ സാധാരണക്കാര്‍ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ വിറ്റഴിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ മന്ത്രി ജെ ചിഞ്ചുറാണിക്കും ക്ഷീരകര്‍ഷകര്‍ പരാതി നല്‍കി. രാത്രിയില്‍ മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കാവലിരിക്കേണ്ട ഗതികേടിലാണ്.