അരൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാനിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് വാനിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി നിസാറിനു(45) പരിക്കേറ്റു. ഇദ്ദേഹത്തെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിലെ മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്കുണ്ട്. ദേശീയപാതയില്‍ ചന്തിരൂര്‍ പാലത്തിനു വടക്കു ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാന്‍ എതിര്‍ വശത്തെ ഹോട്ടല്‍ കെട്ടിടത്തിന്‍റെ മുന്നില്‍ ഇടിച്ചുനിന്നു. വാന്‍ പൂര്‍ണമായും തകര്‍ന്നു.
അപകടത്തെ തുടര്‍ന്നു കുറച്ചു സമയം ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്നു ബസ്. ബേക്കറികളില്‍ ഹല്‍വ വില്‍പന നടത്തുന്നതിനു കരുനാഗപ്പള്ളിയില്‍ നിന്നു അരൂരിലേക്ക് വരികയായിരുന്നു വാന്‍.