കൊച്ചി: മര്‍ദനമേറ്റ് അവശനിലയില്‍ ചികിത്സയിലായിരുന്ന ചെമ്മീന്‍കെട്ട് തൊഴിലാളി മരിച്ചു. നായരമ്ബലം നെടുങ്ങാട് കൊച്ചുതറ വത്സനാണ് (64) ചൊവ്വാഴ്ച രാത്രി മരിച്ചത്. ചെമ്മീന്‍കെട്ടില്‍ വച്ച് ഉടമയും മറ്റു തൊഴിലാളികളും ചേര്‍ന്ന് വത്സനെ മര്‍ദിച്ച് വെള്ളത്തില്‍ തള്ളുകയായിരുന്നു. ശരീരം തളര്‍ന്ന നിലയില്‍ മൂന്നരമാസമായി ചികിത്സയിലായിരുന്നു.
ഏപ്രില്‍ 13നു രാത്രിയാണ് വത്സനുനേരെ ആക്രമണുണ്ടായത്. പരാതിയില്‍ ചെമ്മീന്‍കെട്ടിന്റെ ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. നായരമ്ബലം താന്നിപ്പിള്ളി ഫ്രാന്‍സിസ് (56), കെട്ടിലെ തൊഴിലാളിയായിരുന്ന നായരമ്ബലം കിഴക്കേവീട്ടില്‍ ദിലീപ് കുമാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഫ്രാന്‍സിസ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. റിമാന്‍ഡിലായിരുന്ന ദിലീപ് കുമാര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
വത്സന്‍ നല്‍കിയ മൊഴി പ്രകാരം കേസില്‍ രണ്ടു പ്രതികള്‍ കൂടിയുണ്ട്. വത്സന്‍ മരിച്ചതിനാല്‍ പ്രതികളുടെ പേരില്‍ കൊലക്കുറ്റം ചുമത്തും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വത്സന്റെ സംസ്കാരം നടത്തി. ഐഷയാണ് ഭാര്യ. വൈശാഖ്, നിഷാദ് എന്നിവര്‍ മക്കളാണ്.