കോട്ടയം : ഭാര്യയും മകളും നോക്കിനില്‍ക്കെ റോഡ് മുറിച്ചു കടന്ന ഗൃഹനാഥന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. കൂത്താട്ടുകുളം ശ്രീനലിയത്തില്‍ എം.കെ മുരളീധരനാണ് (61) മരിച്ചത്. കൂത്താട്ടുകുളത്ത് അയണ്‍ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കോട്ടയം കുര്യന്‍ ഉതുപ്പ് റോഡിലായിരുന്നു അപകടം നടന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മുരളീധരന്‍. തിരുവന്തപുരത്തെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായ മകള്‍ അവധിക്കെത്തിയതിനെ തുടര്‍ന്ന് കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടം.
ഭാര്യ കെ.കെ ശ്രീലതയുമൊത്ത് മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കുര്യന്‍ ഉതുപ്പ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനുവരി 23 ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം. കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും എന്‍എസ്‌എസ് കരയോഗം മുന്‍ സെക്രട്ടറിയുമാണ്. കൂത്താട്ടുകുളെ ഭവന നിര്‍മാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.