ചെന്നൈ : ഉറങ്ങിക്കിടക്കവേ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് അതിദാരുണമായി മരിച്ചത്. തെങ്കാശിയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ചെന്നൈ മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാന്‍ പോകവെയാണ് നാരായണന്റെ മരണം. സിലമ്പ് എക്സ്‌പ്രസിലാണ് അപകടം ഉണ്ടായത്. രാത്രിയില്‍ കാരൈക്കുടിയില്‍ നിന്നാണ് ഇദ്ദേഹം തീവണ്ടിയില്‍ കയറിയത്.
വണ്ടി പുലര്‍ച്ചെയോടെ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികര്‍ ഇയാളെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലുമായിരുന്നു. വണ്ടി താംബരം സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബര്‍ത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാല്‍ ഇയാള്‍ ബെര്‍ത്ത് മാറി മുകളില്‍ കിടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.