ഐഫോൺ 15 സ്വന്തമാക്കാൻ യാചകവേഷത്തിൽ കടയിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തി സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് എക്സ്പെറിമെന്റ് കിംഗ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന ഒരു ഡിജിറ്റൽ ക്രിയേറ്റർ. ജോധ്പൂരിലെ ദീപക് കമ്പനി എന്ന സ്റ്റോറിൽ ആണ് ഇയാൾ യാചകവേഷത്തിൽ എത്തിയത്. ഭിക്ഷാടകർ ഉയർന്ന നിലവാരമുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ താല്പര്യം കാണിക്കാറില്ല എന്നാണ് പൊതുവിലുള്ള വിശ്വാസം. ആ വിശ്വാസത്തെ അപ്പാടെ തെറ്റിച്ചുകൊണ്ട് കടയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപഭോക്താക്കളെയും സാക്ഷിയാക്കി യുവാവ് തൻറെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നൽകി.
അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താൻ ഏൽപ്പിച്ചു. തുടർന്ന് യാതൊരു മടിയും കൂടാതെ തന്റെ മുൻപിൽ നിന്ന യാചകന് കടയുടമ ജിതൻ ഹസാനി ആപ്പിൾ ഐഫോൺ 15 നൽകി. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു യാചകന്‍ ഉയർന്ന വിലയുള്ള ഫോൺ വാങ്ങുന്നത് കണ്ട് ചിലർ അമ്പരന്നപ്പോൾ മറ്റുള്ളവർ ഈ രംഗം സ്ക്രിപ്റ്റഡ് ആണെന്ന് അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ സ്ക്രിപ്റ്റഡ് ആയി ചെയ്ത ഒരു വീഡിയോ ആയിരുന്നു ഇതെങ്കിലും വളരെ വേഗത്തിൽ കാഴ്ചക്കാരിലേക്ക് എത്താനും ട്രെൻഡിങ്ങിൽ വരാനും ഈ വീഡിയോയ്ക്ക് കഴിഞ്ഞു. അതേസമയം തന്നെ യാചകവേഷത്തില്‍ ഇയാളെത്തിയതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും ഉണ്ട്.