പ്രിസ്റ്റീന : 33കാരൻ വിഴുങ്ങിയ ‘നോക്കിയ 3310 സെൽഫോൺ’ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈ മാസം ആദ്യമാണ് സംഭവം. കൊേസാവോയിലെ പ്രിസ്റ്റീന സ്വദേശിയാണ് 33കാരൻ. 2000 ൽ അവതരിപ്പിച്ച ‘ബ്രിക്ക് ഫോൺ’ എന്ന പേരിൽ പ്രശസ്തമായ നോക്കിയ 3310 ആണ് ഇയാൾ വിഴുങ്ങിയത്.
ഫോൺ വിഴുങ്ങിയതിന് പിന്നാലെ ഇയാൾ ആശുപത്രിയിലെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ മൂന്ന് ഭാഗങ്ങളായി ഫോൺ കണ്ടെത്തി. ഫോണിന്‍റെ ബാറ്ററിയും വിഴുങ്ങിയതിനാൽ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ഡോ.സ്കെൻഡെർ തെലാകുവിന്‍റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോൺ പുറത്തെടുക്കുകയായിരുന്നു. ശസത്രക്രിയക്ക് ശേഷം വയറ്റിൽനിന്ന് പുറത്തെടുത്ത െമാബൈൽ ഫോണിന്‍റെയും യുവാവിന്‍റെ എക്സ്റേ റിപ്പോർട്ടിന്‍റെയും ചിത്രം ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ചു.
‘ഒരു യുവാവ് മൊബൈൽ ഫോൺ വിഴുങ്ങിയെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫോൺ മൂന്ന് ഭാഗങ്ങളായി വയറ്റിൽ കണ്ടെത്തി. ബാറ്ററി കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ അവ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. ചിലപ്പോൾ അവ വയറ്റിൽ കിടന്ന് പൊട്ടിത്തെറിക്കാനും സാധ്യതയേറും’ -ഡോക്ടർ പറഞ്ഞു. വയറിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇയാൾ മൊബൈൽ ഫോൺ വിഴുങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല.