ലഖ്‌നൗ: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം വിവാദമായതിന് പിന്നാലെ ഉത്തര്‍ പ്രദേശിലും സമാന സംഭവം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ജുഗൈല്‍ പ്രദേശത്താണ് ദളിത് യുവാവിന്റെ ചെവിയില്‍ സുഹൃത്ത് മൂത്രമൊഴിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുപേരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നത്. ഇരുവരും സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടയില്‍ വഴക്കുണ്ടായതായി പോലീസ് പറയുന്നു. ഇതോടെ ജവഹര്‍ പട്ടേല്‍ എന്നയാള്‍ ഗുലാബ് ഗോള്‍ എന്ന യുവാവിന്റെ ചെവിയില്‍ മൂത്രമൊഴിച്ചത്. മൂത്രമൊഴിക്കുന്നതിന് മുന്‍പായി ജവഹര്‍ പട്ടേല്‍ ഗുലാബ് ഗോളിനെ ആക്രമിച്ചിരുന്നു. മദ്യലഹരിയിലായതിനാല്‍ തനിക്ക് നേരെ നടക്കുന്ന അതിക്രമം ഗുലാബ് ഗോളിന് മനസിലായിരുന്നില്ല. സംഭവത്തിന്റെ വീഡിയോ മറ്റാരോ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗുലാബ് ഗോള്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ജവഹര്‍ പട്ടേലിനെയും കൂട്ടാളിയെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.