കൊച്ചി: അങ്കമാലിയിലെ എംഎജിജെ ആശുപത്രിയില്‍ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ തുറവൂര്‍ സ്വദേശി ലിജിയാണ് സുഹൃത്തിന്റെ കൊലക്കത്തിക്കിരയായത്. ലിജിയെ കൊലപ്പെടുത്തിയ മുന്‍ സുഹൃത്ത് മഹേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികിത്സയിലായതിനാല്‍ പരിചരണത്തിനാണ് മകള്‍ ലിജി ആശുപത്രിയില്‍ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിന്‍മാറ്റി.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയില്‍ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു.