കോട്ടയം : മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളി കളത്തില്‍ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ മണര്‍കാട് എസ്.എച്ച്.ഒ രതീഷ് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിക്ക് സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയുമാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ രതീഷ് കുമാറിനെതിരെ നടപടി ഉണ്ടാകും. കൂടാതെ ചട്ടം ലംഘിച്ച് പണം വച്ച് ചീട്ടുകളി നടത്തിയ മണര്‍കാട് ക്രൗണ്‍ ക്ലബിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും.
ചീട്ടുകളിക്ക് പോലീസ് നല്‍കിയ ഒത്താശ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. ക്ലബ് സെക്രട്ടറിയും പ്രതിയുമായ മാലം സുരേഷുമായി മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രതീഷ്‌കുമാര്‍ നടത്തിയ ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രതീഷ് കുമാറിന് ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.