കോതമംഗലം : ഡെന്റല്‍ ഹൗസ് സര്‍ജന്‍ പി.വി മാനസയെ വെടിവച്ചുകൊന്നു സ്വയം ജീവനൊടുക്കാന്‍ ഉപയോഗിച്ച തോക്ക് രാഖില്‍ വാങ്ങിയത് കാട്ടുമൃഗങ്ങളെ വേട്ടായാടാനെന്നു ധരിപ്പിച്ചാണെന്നു മൊഴി. 13 റൗണ്ട് നിറയൊഴിക്കാവുന്ന തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്. ബിഹാര്‍ മുന്‍ഗര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍ മോദി (22), ഇടനിലക്കാരനായ മനീഷ് കുമാര്‍ വര്‍മ (21) എന്നിവരാണു ഈ മൊഴി നല്‍കിയത്.
നെല്ലിക്കുഴി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി മാനസയെ വെടിവച്ചു കൊലപ്പെടുത്തി രഖില്‍ ജീവനൊടുക്കിയ സംഭവത്തില്‍, തോക്ക് കൈമാറിയ കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരെ മൂവാറ്റുപുഴ സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു നിരീക്ഷണത്തിനായി കാക്കനാട് കോവിഡ് സെന്ററിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. രാഖിലിന്റെ കണ്ണൂരിലെ കൃഷിയിടത്തില്‍ കാട്ടുപന്നി ഉള്‍പ്പെടെ മൃഗങ്ങളുടെ ശല്യമാണെന്നും ഇവയെ നേരിടാന്‍ തോക്ക് ആവശ്യമുണ്ടെന്നും പറഞ്ഞാണു രഖില്‍ ഇവരെ സമീപിച്ചത്. ഇതിനാലാണു കൂടുതല്‍ നിറയൊഴിക്കാവുന്നതും പ്രഹരശേഷി കൂടിയതുമായ തോക്ക് നല്‍കിയതെന്നും പറയുന്നു.
ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വച്ചു, വില്‍പന നടത്തി, മുദ്ര ഇല്ലാത്ത തോക്ക് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബീഹാറുകാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഞായര്‍ രാത്രിയാണു പ്രതികളെ കോതമംഗലത്തെത്തിച്ചത്. പ്രതികള്‍ കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം തോക്കുകള്‍ കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. പ്രതികളുടെ മൊബൈല്‍ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോണ്‍ വന്നതായും പോലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാര്‍ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്.
രാഖില്‍ ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പോലീസ് നിഗമനം. രാഖിലിന്റെ സുഹൃത്ത് ആദിത്യനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. മാനസയെ കൊല്ലാനുറച്ചായിരുന്നു രാഖില്‍ തോക്ക് വാങ്ങിയത്. അതിന് ശേഷം മാനസയെ അപമാനിക്കാനും ശ്രമം നടത്തി. ഇതിന് വേണ്ടിയാണ് കൊച്ചിയിലെ ഹോട്ടലിന്റെ റിവ്യൂവില്‍ മാനസയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് പിന്നിലെ കഥയാണ് പോലീസ് ഇനി അന്വേഷിക്കുക. ആദിത്യയെ ചോദ്യം ചെയ്യുന്നതും അതിന് വേണ്ടിയാകും. ഈ ചിത്രത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് പോലീസ് ശ്രമം.