ചാവക്കാട് : വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മണത്തല ചക്കര പരീത് (61) മരിച്ച കേസ് അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി. മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം തത്കാലം സി.ബി.ഐക്കു വിടേണ്ടതില്ലെന്നും ജസ്റ്റിസ് കെ. ഹരിപാല്‍ വ്യക്തമാക്കി. പരീതിന്റെ ഭാര്യ ജുമൈല സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റം നിലനില്‍ക്കുമോയെന്നത് അന്വേഷണ ഏജന്‍സിയാണ് പരിശോധിക്കേണ്ടതെന്ന് കോടതി പറഞ്ഞു.
കോടതി ഉത്തരവ് നിലനില്‍ക്കെ വസ്തുവില്‍ അതിക്രമിച്ചു കയറി ബന്ധുക്കള്‍ വഴിവെട്ടാന് ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും പരീതിന്റെ മരണത്തിലും കലാശിച്ചത്. ഭാര്യ ജുമൈലയുടെ പരാതിയെതുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. മരണത്തിനു ഉത്തരവാദികള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജുമൈല ഹൈകോടതിയെ സമീപിച്ചത്. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.