പന്തളം : മണ്ഡല ഉത്സവകാലത്ത് ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിൽ മാത്രമല്ല ക്ഷേത്രങ്ങളുടെ അനുബന്ധറോഡുകളിലും തിരക്കേറും. കുളനട, പന്തളം പ്രദേശങ്ങളിലെ ഇത്തരം റോഡുകളെല്ലാം തകർന്ന് കുഴികളായിക്കിടക്കുകയാണ്. മഴക്കാലമായതോടെ ചെളികാരണം റോഡിലൂടെ പോകാൻ കഴിയുന്നില്ല. ജില്ലയിലെ നല്ലൊരുശതമാനം ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നുമുതൽ 41 ദിവസം ചിറപ്പുത്സവം നടന്നുവരുന്നു. ഏല്ലാ ക്ഷേത്രങ്ങളിലേക്കും തീർഥാടകർ കൂടുതലായെത്തുന്ന കാലമാണ് മണ്ഡലകാലം. അതുകൊണ്ടുതന്നെ റോഡുകളിലും രാത്രിയിലുൾപ്പെടെ തിരക്കുണ്ടാകും.
പ്രധാന റോഡുകൾ എല്ലാവർഷവും പൊതുമരാമത്ത് വകുപ്പും ഏജൻസികളും നന്നാക്കാറുണ്ടെങ്കിലും ക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുതും എന്നാൽ പ്രാധാന്യമർഹിക്കുന്നതുമായ പഞ്ചായത്ത്, നഗരസഭാ റോഡുകൾ അധികാരികൾ വിസ്മരിക്കുകയാണ്. ഇവ നന്നാക്കുന്ന കാര്യത്തിൽ പൊതുമരാമത്തുവകുപ്പോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മുന്നിട്ടിറങ്ങുന്നില്ലെന്നതാണ് പ്രശ്നം. മിക്ക റോഡുകളുടെയും ടെൻഡറായിട്ടുണ്ടെങ്കിലും പണി നടത്തിയിട്ടില്ല. പണം കൃത്യമായി നൽകാത്തതിനാൽ കരാറെടുക്കാനും ആളില്ലാത്ത അവസ്ഥയാണ്. റോഡുകൾ തകർന്നുകിടക്കുന്നതു കൂടാതെ, കുടിവെള്ളപൈപ്പിടാനായി വെട്ടിക്കുഴിച്ചതാണ് കൂടുതൽ ദുരിതമായിട്ടുള്ളത്. പലതവണയായുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും പന്തളം നഗരസഭയിലെയും കുളനട പഞ്ചായത്തിലെയും മിക്ക റോഡുകളും തകർന്നു. വെള്ളം കുത്തിയൊലിച്ചും കെട്ടിനിന്നും താറുമാറായ റോഡുകളിലൂടെ കാൽനടയാത്രപോലും കഴിയാത്ത അവസ്ഥയാണുള്ളത്. ശബരിമല സീസണിനുമുമ്പ് നന്നാക്കേണ്ട അനുബന്ധറോഡുകളാണ് കൂടുതലും. മുട്ടാർ-മണികണ്ഠനാൽത്തറ, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്, കുളനട കറുത്തേരിൽപ്പടി-കളീക്കൽപ്പടി റോഡ്, കൈപ്പുഴ തീർഥാടകവിശ്രമമന്ദിരത്തിന് മുമ്പിൽക്കൂടിയുള്ള റോഡ്, തിരുവാഭരണപാത തുടങ്ങി തകർന്നുകിടക്കുന്ന റോഡുകൾ ധാരാളമുണ്ട്.