റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ. ആദ്യഘട്ട ടാറിങ്ങിനായി ഇളക്കിയെടുത്ത പഴയ ടാറിങ്ങിന്റെ അവശിഷ്ടങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയായി മാറുകയാണ്. ഇടമണ്‍ സോബാര്‍ പള്ളിക്ക് സമീപമാണ് ടാറിംങ് അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്ന ഈ അവശിഷ്ടങ്ങളിൽ കാടുമൂടിയതോടെ രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടങ്ങള്‍ നടക്കുവാനുള്ള സാധ്യത ഏറെയാണ്. ആദ്യ കരാറുകാരൻ നിര്‍മ്മാണം ഉപേക്ഷിച്ച് പോയതിനെ തുടർന്ന് രണ്ടാമത് കരാറെടുത്ത കമ്പനിയും നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
പ്രധാന റോഡിലെ നിർമ്മാണ പ്രവര്‍ത്തനം നിലച്ചതോടെ ജനങ്ങളുടെ സഞ്ചാരവും ഏറെ ദുരിതത്തിലായിരിക്കുകയാണ്. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്ക് മുകളിൽ വള്ളിപ്പടർപ്പുകൾ കയറിയതോടെ വളവുകളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണുവാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ബി.എം. ടാറിംങ് നടന്നെങ്കിലും ബി.സി. നിലവാരത്തിലുള്ള ടാറിങ് പൂർത്തിയാകാത്തതിനാൽ റോഡിന്റെ ഉറപ്പും ഗുണനിലവാരവും നഷ്ടപ്പെടുമെന്ന ആശങ്കയും സമീപവാസികൾക്കുണ്ട്. റോഡ് നിർമ്മാണം അടിയന്തിരമായി പുനരാരംഭിക്കുകയും റോഡരികിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിനൊരുങ്ങുകയാണ്.































