25.7 C
Pathanāmthitta
Monday, May 9, 2022 5:37 am

40 വര്‍ഷം മുമ്പ് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്കും മംഗളാദേവിയില്‍ പോകാനായില്ലെന്ന് ആരോപണം

1980 ലെ മംഗളാ ദേവി ക്ഷേത്രത്തിന്‍റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് 2022 ല്‍ ക്യാമറയുമായി മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിന് അനുമതി ലഭിച്ചില്ലെന്ന് ആരോപണം. മംഗളാ ദേവി ക്ഷേത്രത്തിന്‍റെ ഏറ്റവും പഴക്കമുള്ള ചിത്രങ്ങളിലൊന്ന് പകര്‍ത്തിയ ട്രാവല്‍- വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സഖറിയ പൊന്‍കുന്നത്തിനാണ് ഇത്തരമൊരു ദുരനുഭവം. വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശനാനുമതി നല്‍കുന്നത്. ഇതിനായി എത്തിയതായിരുന്നു സഖറിയ അടങ്ങിയ വൈല്‍ഡ് – ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. എന്നാല്‍, ഉന്നത തല നിര്‍ദ്ദേശത്തെ തുടര്‍ന്ന് കടുവാ സങ്കേതത്തിനകത്തേക്ക് ക്യാമറ കടത്തി വിടാന്‍ പറ്റില്ലെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഘത്തിന് പിന്തിരിയേണ്ടിവന്നു.

ഇത് സംബന്ധിച്ച് സഖറിയ തന്‍റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. കാലഹരണപ്പെട്ടെ നിയമമാണിതെന്നും ഇത്തരം നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ട ആവശ്യമുണ്ടെന്നും സംഘത്തിലെ മറ്റൊരു ഫോട്ടോഗ്രാഫറായ ജോണ്‍ മത്തായി സാബു മാധ്യമങ്ങളോട് പറഞ്ഞു.

‘ഡോ.സാജു പാല, സണ്ണി, ബേബി, ടോമി, മറ്റ് രണ്ട് പേരും പിന്നെ ഞാനുമടങ്ങിയ ഏഴംഗ സംഘം 1980 ല്‍ മംഗളാ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് ഇന്നത്തെ പോലെ ജീപ്പ് സര്‍വ്വീസ് ഒന്നുമില്ല. 14 കിലോമീറ്റര്‍ കാല്‍നടയായി തന്നെ മലകയറണം. പക്ഷേ, അന്നും വനംവകുപ്പിന്‍റെ അനുമതി ആവശ്യമായിരുന്നു. ഉച്ച കഴിഞ്ഞ് ഏതാണ്ട് രണ്ട് മണിയോടെയാണ് ഞങ്ങള്‍ അന്ന് വനം വകുപ്പിന്‍റെ അനുമതിയോടെ മംഗളാദേവി ക്ഷേത്രത്തിലേക്ക് യാത്ര ആരംഭിച്ച’തെന്ന് സഖറിയ മാധ്യമങ്ങളോട് തന്‍റെ ആദ്യ മംഗളാ ദേവി യാത്രയെ കുറിച്ച് പറഞ്ഞു.

“ഉച്ച കഴിഞ്ഞാണ് ഞങ്ങള്‍ യാത്രയാരംഭിച്ചത് അതിനാല്‍ അന്ന് രാത്രി തിരിച്ചിറങ്ങരുതെന്ന് വനം വകുപ്പിന്‍റെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. അങ്ങനെ രണ്ട് മണിയോടെ മല കയറാനാരംഭിച്ച ഞങ്ങള്‍ വൈകീട്ടോടെ ക്ഷേത്രത്തിന് സമീപത്തെത്തി. കൂടെയുണ്ടായിരുന്നവരെല്ലാം ഹൈറേഞ്ചുകാരായിരുന്നതിനാല്‍ കാട്ടിലെങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അവിടെ ക്ഷേത്രത്തിന് മുന്നില്‍ തന്നെ തീ കൂട്ടി അന്ന് രാത്രി അവിടെ കഴിച്ച് കൂട്ടി. രാവിലെ ക്ഷേത്രത്തിന്‍റെ ചിത്രവുമെടുത്ത ശേഷമാണ് ഞങ്ങള്‍ തിരിച്ചിറങ്ങിയത്.” അദ്ദേഹം തുടര്‍ന്നു.

ഇത്തവണ ഞങ്ങള്‍ നാല് ഫോട്ടോഗ്രാഫര്‍മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 5.30 തന്നെ കുമളിയില്‍ ക്യൂ നിന്ന ഞങ്ങള്‍ക്ക് മണിക്കൂറുകള്‍ കഴിഞ്ഞാണ് മലയിലേക്കുള്ള ജീപ്പില്‍ കയറാന്‍ പറ്റിയത്. അതും കഴിഞ്ഞ് ഒരു മണിക്കൂറോളം നേരെ ജീപ്പിലിരുന്ന് മൂന്നാമത്തെ ചെക് പോയിന്‍റിലെ മെന്‍റല്‍ഡിറ്റക്റ്ററിലൂടെ കടന്ന് പോകുമ്പോഴാണ് ക്യാമറയ്ക്ക് വനത്തിനകത്തേക്ക് പ്രവേശനമില്ലെന്ന് വനം വകുപ്പ് അറിക്കുന്നത്. ഞങ്ങള്‍ പ്രഫഷണല്‍ ക്യാമറാമാന്മാരാണെന്നും ഇതിന് മുമ്പും ഇവിടെ എത്തിയിരുന്നെന്നും തെളിവ് സഹിതം കാണിച്ചെങ്കിലും തങ്ങളെ കടത്തിവിടാന്‍ കഴിയില്ലെന്നും അത് ഉന്നതതല തീരുമാനമാണെന്നും അറിയിക്കുകയായിരുന്നുവെന്നും ഒടുവില്‍ മലകയറാതെ തിരിച്ചിറങ്ങുകയായിരുന്നെന്നും സഖറിയ പറയുന്നു.

സഖറിയയുടെ ഫേസ്ബുക്ക് പോസ്റ്റ് :
ഇന്ത്യയിലെ മറ്റ് ദേശീയ ഉദ്യാനങ്ങളില്‍ പോലും പണം അടച്ച് കഴിഞ്ഞാല്‍ ഫോട്ടഗ്രാഫര്‍മാര്‍ക്ക് വനത്തിനകത്തേക്ക് ക്യാമറ കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍ കേരളത്തില്‍ പലയിടത്തും ക്യാമറ കടത്തിവിടാന്‍ വനം വകുപ്പ് അനുമതി നല്‍കാറില്ലെന്നും സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഫോട്ടോഗ്രാഫറായ ജോൺ മത്തായി സാബു മാധ്യമങ്ങളോട് പറഞ്ഞു. അതുമത്രമല്ല, ഐ ഫോണ്‍ അടക്കമുള്ള മൊബൈല്‍ ഫോണുകള്‍ കടത്തി വിടുന്നുമുണ്ട്. ഇത്തരം ഫോണുകള്‍ ഉപയോഗിച്ച് ക്യാമറയില്‍ എടുക്കുന്ന അതേ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്നിരിക്കെയാണ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് കേരളാ വനം വകുപ്പ് വിലക്ക് കല്‍പ്പിക്കുന്നതെന്നും ഇത്തരം അയുക്തികമായ കാരണങ്ങള്‍ കാലാനുശ്രുതമായി മാറ്റേണ്ടതാണെന്നും ജോൺ മത്തായി സാബു അഭിപ്രായപ്പെട്ടു.

‘മംഗളാദേവി പോലുള്ള സ്ഥലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളല്ല. മറിച്ച് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. അവിടം ഒരു ടൂറിസ്റ്റ് സെന്‍റെറെന്ന നിലയില്‍ ആളുകള്‍ വന്ന് പോകുന്നതിനോട് വനം വകുപ്പിന് താത്പര്യമില്ലെന്ന് റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളെ ഒരിക്കലും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാതിരിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇത് ഒഴിവാക്കാനാകാത്ത ഒരു തീര്‍ത്ഥാടന കേന്ദ്രമായത് കൊണ്ട് മാത്രമാണ് ജനങ്ങളെ കടത്തിവിടുന്നതെന്നും അഖില്‍ ബാബു പറഞ്ഞു. മംഗളാദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ടൈഗര്‍ റിസര്‍വിന്‍റെ കോര്‍ ഏരിയയിലാണ്. അവിടെ ഒരു കാരവശാലും ടൂറിസത്തിന് അവസരം നല്‍കില്ല. മാത്രമല്ല. രണ്ട് കലക്ടര്‍മാരുടെ യോഗത്തിലാണ് മംഗളാദേവി തീര്‍ത്ഥാനടത്തിന്‍റെ നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നത്. ആ യോഗത്തിലെ മിനിറ്റ്സില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് സ്റ്റില്‍ ക്യാമറയോ വീഡിയോ ക്യാമറയോ അനുവദനീയമല്ലെന്ന്. ഇപ്പോ ശബരിമലയില്‍ ആളുകള്‍ പോകുന്നത് ടൂറിസത്തിനല്ലല്ലോ. അത് പോലെ തന്നെയാണ് ഇതും ഭക്തര്‍ക്ക് പോകാന്‍ ഒരു തടസവുമില്ലെന്നും റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു പറഞ്ഞു. ഇന്ത്യയിലെ മറ്റ് വനോദ്യാനങ്ങളെ പോലെ കേരളവും പണം നല്‍കി ബഫര്‍ സോണ്‍വരെ ക്യാമറ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ബഫര്‍സോണും കടന്ന് കോര്‍ ഏരിയയിലാണ് ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗളാദേവി ഉത്സവത്തിനിടെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനെ ആനയോടിച്ച് കുഴിയില്‍ ചാടിച്ച വീഡിയോ വൈറലായിരുന്നു. അദ്ദേഹം ചെയ്തത് ലെന്‍സ് ഘടിപ്പിച്ച മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ആനയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതാണ്. ഒന്നോ രണ്ടോ ആളുകള്‍ പോകുമ്പോള്‍ അപകടമുണ്ടാകുന്നത് പോലയല്ല ഒരു കൂട്ടം ആളുകള്‍ പോകുമ്പോള്‍ ഇത്തരത്തില്‍ അപകടമുണ്ടാകുന്നത്. അതിന്‍റെ വ്യാപ്തി കൂടും. അപകടവും കൂടും. ഇത്തരം പ്രശ്നങ്ങളെ കൂടി കണക്കിലെടുത്താണ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് അനുമതി നിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്രയും ആളുകളെത്തുമ്പോള്‍, ജനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം കേരളത്തിലെ വനംവകുപ്പിനില്ല. അതിനാല്‍, ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനത്തിനകത്ത് എവിടെ നിന്നും ചിത്രങ്ങളെടുക്കാനുള്ള അനുമതി വനം വകുപ്പ് നല്‍കാറില്ല. മറിച്ച് ഫോട്ടഗ്രഫി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളുണ്ട്. അവിടെ നിന്നും ചിത്രങ്ങള്‍ എടുക്കാനുള്ള അനുമതി മാത്രമേ വനം വകുപ്പ് നല്‍കുകയുള്ളൂ. ഇത്തരം സ്ഥലങ്ങളില്‍ പ്രവേശനം ക്യാമറ എന്നിവ അനുമതിക്കാനും നിഷേധിക്കാനുമുള്ള അധികാരം വനംവകുപ്പിനുണ്ടെന്നും അഖില്‍ ബാബു കൂട്ടിച്ചേര്‍ത്തു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular