കൊല്ലം: ഭൂരിഭാഗം ആളുടെയും ഇഷ്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങാ സീസൺ ആയതോടെ വിപണിയിൽ വൻ ഡിമാൻഡാണ് ഇവയ്ക്ക് ഉള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മാങ്ങ പഴുപ്പിക്കാൻ മാരകമായ വിഷമാണ് ചേർക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം- തിരുമംഗലം പാതയിൽ മൂന്നാംകുറ്റിയിലുള്ള ഫല വ്യാപാര സ്ഥാപനത്തിൽ നിന്നും കാൽസ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങയാണ് അധികൃതർ പിടിച്ചെടുത്തത്.
പഴുത്തതും ഭംഗിയുള്ളതുമായ മാങ്ങകൾ വിപണിയിൽ നിന്നും വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മൂന്നാംകുറ്റിയിൽ കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. ശേഖരിച്ച മാങ്ങയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. കട താൽക്കാലികമായി സീൽ ചെയ്തിരിക്കുകയാണ്.ഹെൽത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പരിശോധന സംഘടിപ്പിക്കുന്നത്.
ചന്തകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷമാണ് ഫല വ്യാപാര സ്ഥാപനങ്ങളിലേക്കും ആരോഗ്യവകുപ്പ് പരിശോധന വ്യാപിപ്പിച്ചത്. കാൽസ്യം കാർബൈഡ് ശരീരത്തിൽ എത്തിയാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇത് തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്നം എന്നിവയ്ക്കും കാരണമാകുന്നു. കൂടാതെ, ഭാവിയിൽ അന്നനാളം, വൻ കുടൽ, കരൾ എന്നിവിടങ്ങളിൽ ക്യാൻസറിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അന്യ നാടുകളിൽ നിന്നാണ് കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ കേരളത്തിലെ വിപണിയിലേക്ക് എത്തുന്നത്.