കോന്നി : പ്രതീക്ഷക്ക് അനുസരിച്ചുള്ള വില ലഭിക്കാത്തത്തിൽ വലിയ നഷ്ടം നേരിടുകയാണ് കോന്നിയിലെ മംഗോസ്റ്റിൻ കർഷകർ. മുൻപ് കിലോയ്ക്ക് 400 രൂപ കർഷകർക്ക് ലഭിച്ച സ്ഥാനത്ത് ഇപ്പോൾ നൂറ് രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ലാഭം മുന്നിൽ കണ്ട് ഇറങ്ങി തിരിച്ച കർഷകർക്ക് ഇപ്പോൾ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും കർഷകർ പറയുന്നു. മെയ്, ജൂൺ മാസങ്ങളിൽ ആണ് ഇവയുടെ വിളവെടുപ്പ്.
മെയ് മാസം മുതൽ മംഗോസ്റ്റിൻ പഴങ്ങൾ പാകമായി തുടങ്ങും. വർഷങ്ങൾക്ക് മുൻപ് തന്നെ കോന്നി ഇതിന്റെ പ്രധാന വിപണന കേന്ദ്രമാണ് നിരവധി മംഗോസ്റ്റിൻ കർഷകർ കോന്നിയിൽ ഉണ്ട്. 2020 വർഷത്തിൽ കോന്നിയിൽ ഇത്തരം കർഷകരെ സഹായിക്കാൻ കോന്നി ക്യുൻ എന്ന പേരിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും ഇതും ഫലം കണ്ടില്ല. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ഇത്തരം കർഷകരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.
കോന്നി പഞ്ചായത്തിലെ 1,10,17,18 വാർഡുകളിൽ ആണ് മംഗോസ്റ്റിൻ കർഷകർ കൂടുതലായും ഉള്ളത്. തമിഴ്നാട്ടിൽ കല്യാണങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന മംഗോസ്റ്റിൻ വളരെയേറെ ഔഷധ ഗുണം ഉള്ള ഫലം കൂടിയാണ്. തമിഴ്നാട്, മദ്രാസ്, ബാംഗ്ലൂർ എന്നിവടങ്ങളിലേക്കാണ് കോന്നിയിൽ നിന്നും മംഗോസ്റ്റിൻ പഴങ്ങൾ കൂടുതലും കയറ്റി അയക്കുന്നത്. കൂടാതെ കേരളത്തിലെ പല സ്ഥലങ്ങളിലേക്കും ഈ ഫലങ്ങൾ കയറ്റി അയക്കുന്നുണ്ട്. മരം നട്ട് പത്ത് വർഷം പകമാകുമ്പോൾ വിളവ് ലഭിച്ച് തുടങ്ങും. ഒരു മരത്തിന് 200 വർഷം വരെ ആയുസുണ്ട്.