ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. ഏതെങ്കിലും ഒരു ദിവസം രോഗബാധിതയായ ഭാര്യ സീമ സിസോദിയയെ കാണാൻ കോടതി സിസോദിയയെ അനുവദിച്ചു. സിസോദിയക്ക് ജാമ്യം അനുവദിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദിനേശ് കുമാർ ശർമ ഏതെങ്കിലും ഒരു ദിവസം രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ ആശുപത്രിയിലോ വീട്ടിലോ പോയി രോഗിയായ ഭാര്യയെ കാണാമെന്ന് ഉത്തരവിട്ടു.
തന്റെ കുടുംബാംഗങ്ങളുമായി മാത്രമേ സിസോദിയ ആശയവിനിമയം നടത്താവൂ എന്നും സിസോദിയ ഭാര്യയെ സന്ദർശിക്കുമ്പോൾ മാധ്യമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈകോടതി നിർദേശിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനും പാടില്ല. രോഗിക്ക് എവിടെ ചികിത്സ നൽകണമെന്ന് രോഗിയും കുടുംബാംഗങ്ങളും തീരുമാനിക്കേണ്ടതാണെന്നും എന്നാൽ, എയിംസ് മെഡിക്കൽ സൂപ്രണ്ട് രൂപം കൊടുക്കുന്ന ഡോക്ടർമാരുടെ ഒരു സമിതി സിമ സിസോദിയയെ പരിശോധിക്കണമെന്ന നിർദേശം ഒരു രക്ഷിതാവ് എന്ന നിലയിൽ കോടതി മുന്നോട്ടുവെക്കുകയാണെന്നും ഉത്തരവിലുണ്ട്.