തിരുവനന്തപുരം : അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ. കൊവിഡ് മുക്തനായ അദ്ദേഹം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്യങ്ങൾ വിശ്വസിക്കരുതെന്നും നിരഞ്ജൻ ഫേസ്ബുക്കിൽ കുറിച്ചു.
‘എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു’ നിരഞ്ജൻ കുറിച്ചു.
കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന മണിയന്‍പിള്ള രാജു, അവയെ തരണം ചെയ്തെത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് താരത്തിന്റെ മകൻ തന്നെ പ്രതികരണവുമായെത്തിയത്.