പത്തനംതിട്ട: മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 89 – മത് ദുഖ്റോനോ പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ മഞ്ഞിനിക്കര ദയറായില്‍ കോവിഡ് 19 മാനദണ്ഡങ്ങളനുസരിച്ച് നടത്തപ്പെടുന്നു.
മധ്യ പൌരസ്ത്യ ദേശം കഴിഞ്ഞാല്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര. യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രംകൂടിയാണിത്.
ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ ചുട്ടു പൊള്ളുന്ന വെയിലിനെ വിശ്വാസതീഷ്ണതയില്‍ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥയാത്ര പരിശുദ്ധന്റെ കബറിങ്കല്‍ എത്തിയിരുന്നത്. എന്നാല്‍ ചരിത്രത്തിലാദ്യമായി സുറിയാനി സഭയുടെ നേതൃത്വത്തിലുള്ള കാല്‍നട തീര്‍ത്ഥാടനം ഈവര്‍ഷം ഉണ്ടായിരിക്കുന്നതല്ല.
2021 ലെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മോര്‍ തേവോദോസിയോസ് മാത്യൂസ്, മോര്‍ കൂറിലോസ് ഗീവര്‍ഗീസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടും.
തുടര്‍ന്ന് പാത്രിയര്‍ക്കാ സുവര്‍ണ പതാക മഞ്ഞിനിക്കര ദയറായില്‍ ഉയര്‍ത്തപ്പെടും. വൈകിട്ട് 5.30 ന് പരിശുദ്ധ കബറിങ്കല്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പാത്രിയര്‍ക്കാ പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ ദക്ഷിണ മേഖലാ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും മഞ്ഞിനിക്കര ദയറ തലവനുമായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്ത ഉയര്‍ത്തും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 7.30 ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ പെരുന്നാളിന് സുവിശേഷം യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
ഫെബ്രുവരി 10 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് 89 നിര്‍ധനര്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാര്‍ത്ഥനയും ആറിന് അനുസ്മരണ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ് .
ഫെബ്രുവരി 13 ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മാര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
ദയറ കത്തീഡ്രലില്‍ 5.45 ന് കോഴിക്കോട് ഭദ്രാസനാധിപന്‍ പൌലോസ് മാര്‍ ഐറേനിയോസ്, മൂവാറ്റുപുഴ മേഖലാധിപന്‍ മാത്യൂസ് മാര്‍ അന്തിമോസ്, മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്സന്ത്രയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് 8.30ന് യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.
പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനായി അഭി: അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും, ടി.സി. എബ്രഹാം കോര്‍എപ്പിസ്‌കോപ്പ തേക്കാട്ടില്‍ വൈസ് ചെയര്‍മാനായും കമാണ്ടര്‍ ടു.യു.കുരുവിള (ജനറല്‍ കണ്‍വീനര്‍) ജേക്കബ് തോമസ് കോര്‍എപ്പിസ്‌കോപ്പ മാടപ്പാട്ട് (കണ്‍വീനര്‍) എന്നിവരും ബിനു വാഴമുട്ടം പബ്ലിസിറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.
കോവിഡ് 19 മാനദണ്ഡം അനുസരിച്ച് പെരുന്നാള്‍ ഈ വര്‍ഷം നടത്തുന്നതിന്റെ ഭാഗമായി സഭയുടെ നേതൃത്വത്തിലുള്ള കാല്‍നട തീര്‍ത്ഥാടനവും, ആള്‍കൂട്ടവും അനുവദനീയമല്ലന്നു കമ്മറ്റി ചെയര്‍മാനും മഞ്ഞിനിക്കര ദയറ തലവനുമായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ നടന്ന പെരുന്നാള്‍ കമ്മറ്റിയില്‍ തീരുമാനിച്ചതായി പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം അറിയിച്ചു.