മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ വീട്ടില്‍ കടന്നു കയറി യുവതിയെ പീഡിപ്പിച്ച കേസില്‍ നിന്ന് യുവാവിന് മോചനം. പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയായ യുവാവിനെ കോടതി വെറുതെവിട്ടത്. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് (30) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി കുറ്റവിമുക്തനാക്കിയത്.
പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒടുവില്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് യുവാവിനെ കോടതി വെറുതെ വിട്ടത്. യുവതി 2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയില്‍ യുവതി കേസും ഫയല്‍ ചെയ്തിരുന്നു. നിലവിലെ കേസില്‍, യുവതി കുടുംബ കോടതിയില്‍ നല്‍കിയ പരാതിയാണ് നിര്‍ണായകമായത്. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി ബലാത്സംഗക്കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാമര്‍ശിച്ചിരുന്നു.