മല്ലപ്പള്ളി: സമരമരം നട്ട് വ്യത്യസ്ത പരിപാടിയുമായി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. പരിസ്ഥിതി ദിനമായ നാളെ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും സമരമരം നട്ട് ദിനാചരണം നടത്താനാണ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം തിങ്കള്‍ രാവിലെ 9.30-ന് കുന്നന്താനം നടക്കല്‍ ജംഗ്ഷനില്‍ സമരമരം നട്ടു കൊണ്ട് ജനകീയ സമിതി നേതാവും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ ജോസഫ് എം. പുതുശ്ശേരി നിര്‍വഹിക്കും.
സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ അധ്യക്ഷത വഹിക്കും. പരിസ്ഥിതിക്ക് വന്‍ വിനാശം ഉണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമാണ് സമിതി ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.