മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പിക്കെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുംദുരിതം. രണ്ടും മൂന്നും രോഗികളെ ഒറ്റക്കട്ടിലില്‍ കിടത്തിയാണ് ചികില്‍സ. കിടക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് രോഗികള്‍ ഇരുന്നു കൊണ്ടാണ് കീമോക്ക് വിധേയമാകുന്നത്. മാരകമായ ക്യാന്‍സറിന്റെ വേദനയുമായി ആശുപത്രിയില്‍ അഭയം തേടിയ രോഗികളാണ് ദുരിതക്കയത്തില്‍ പെട്ടുകിടക്കുന്നത്. കീമോതെറാപ്പി വാര്‍ഡില്‍ ആകെയുളളത് അഞ്ചു കട്ടിലുകളാണ് . ഒരു കിടക്കയില്‍ രണ്ടും മൂന്നും പേര്‍. അതിരാവിലെ എത്തി അഞ്ചും ആറും മണിക്കൂര്‍ കാത്തിരുന്നശേഷമാണ് പലര്‍ക്കും കട്ടിലില്‍ ഒന്നിരിക്കാന്‍ സ്ഥലം കിട്ടുന്നത്.
ഇവര്‍ എണീക്കുന്നതും കാത്ത് തൊട്ടടുത്ത കസേരയിലും നിലത്തുമൊക്കെയായി അര്‍ബുദത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന 6മാസം മുതല്‍ 90വയസ്സുവരെയുള്ള രോഗികള്‍ ഊഴം കാത്തിരിക്കുകയാണ് . ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി ആകെയുളളത് ഒരു ഡോക്ടറാണ്. ഏറ്റവുമധികം പരിരക്ഷയും മാനസികപിന്തുണയും നല്‍കേണ്ട രോഗികളാണ് വാര്‍ഡിലുളളത്. അണുബാധയില്ലാതെയും ഇവരെ സംരക്ഷിക്കേണ്ടതുണ്ട്. ആശുപത്രി ഭരണസമിതി മനസുവച്ചാല്‍ വാര്‍ഡ് മാറ്റാന്‍ ആവശ്യത്തിന് സ്ഥലസൗകര്യവുമുണ്ട്. എന്നാല്‍ അതിനു തുനിയുന്നില്ല.