പാനൂര്‍: മന്‍സൂര്‍ വധക്കേസില്‍ യുഡി എഫിനെതിരെ ഗുരുതര ആരോപണവുമായി എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ദിവസം മുക്കില്‍പീടികയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഗൂഢാലോചന തയാറാക്കുന്നത് യു.ഡി.എഫാണെന്നും മന്‍സൂറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിപ്പിച്ചത് മനപൂര്‍വ്വമാണെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ മന്‍സൂറിന് വൈദ്യസഹായം കിട്ടാന്‍ വൈകിയതും അപകടം സംഭവിച്ച വിധം അറിയുംമുമ്പ് മുസ്ലിം ലീഗ്, പ്രതികളെ പ്രഖ്യാപിച്ച രീതിയും ഗൂഢാലോചന തെളിയിക്കുന്നു. സ്വന്തം കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ചോരവാര്‍ന്നു കിടക്കുമ്പോഴും അയാളെ ആശുപത്രിയില്‍ എത്തിക്കാതെ രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മന്‍സൂറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിപ്പിച്ചത്.
കേസില്‍ ഉള്‍പ്പെട്ട മാനസിക വിഷമം താങ്ങാനാവാത്തതിനാലാണ് രതീഷ് എന്ന ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ആത്മഹത്യ ചെയ്തത്. ഈ വാര്‍ത്ത പുറത്തറിഞ്ഞ ഉടന്‍ അത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കെ. സുധാകരന് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും നേതാക്കള്‍ ചോദിച്ചു. ദൗര്‍ഭാഗ്യകരവും വേദനജനകവുമായ രണ്ട് സംഭവങ്ങളെ സംബന്ധിച്ചും പപോലീസ് കൃത്യമായി അന്വേഷിച്ച് യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണം.
അസത്യവും അബദ്ധജടിലവുമായ പ്രസ്താവനകളില്‍ നിന്നും നിരുത്തരവാദപരമായ പ്രതികരണങ്ങളില്‍നിന്നും ലീഗ് നേതൃത്വം പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളായ പി. ഹരീന്ദ്രന്‍, രവീന്ദ്രന് കുന്നോത്ത്, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. മുകുന്ദന്, കെ.കെ. ബാലന്, എന്‍. ധനഞ്ജയന്, ടി. നിസാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.