കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിൽ മലയ്ക്ക് മുകളിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ട്രീവാലി റിസോർട്ടിന് മുകളിലാണ് നിൽക്കുന്നതെന്നും അവിടെ മുന്നൂറോളം പേരുണ്ടെന്നും നാട്ടുകാരനായ അശ്വിൻ പറഞ്ഞു. വീണ്ടും ഉരുൾപൊട്ടിയെന്ന് കേട്ടതോടെ രക്ഷാപ്രവർത്തകർ തിരിച്ചുപോയതായി അറിയുന്നുവെന്നും അശ്വിൻ പറഞ്ഞു. പ്രായമായവരും സ്ത്രീകളും രോഗികളും ഉൾപ്പെടെ നിരവധി പേരാണ് റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഒലിച്ചുപോയി. അനേകം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷിക്കണമെന്നും അധികൃതരെ ഉടൻ വിവരം അറിയിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലുണ്ടായതോടെ നാട്ടുകാർ റിസോർട്ടിൻ്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് വീണ്ടും മഴ കനത്തതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ ഇവിടേക്ക് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് വിവരം. വാർത്ത പുറത്തുവന്നതോടെ അധികൃതർ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുകയാണ്. വയനാട്ടിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം പ്രതികരിച്ചു. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും.