റാഞ്ചി: ജാര്‍ഖണ്ഡില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍. ചക്രധര്‍പൂര്‍ റെയില്‍വേ ഡിവിഷന് കീഴിലുള്ള ലോതാപഹറിന് സമീപം മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ ഹൗറ-മുംബൈ റൂട്ടിലുള്ള റെയില്‍വേ പാളത്തില്‍ വലിയ വിള്ളലുണ്ടായി. ലാന്‍ഡ് മൈനുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാളത്തില്‍ വിള്ളലുണ്ടായതോടെ റെയില്‍വേ സര്‍വീസ് മണിക്കൂറുകളോളം തടസപ്പെട്ടു. ആസാദ് ഹിന്ദ് എക്സ് പ്രസിനെ ലക്ഷ്യമിട്ടുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ്, ആര്‍പിഎഫ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയായതോടെയാണ് റെയില്‍വേ സര്‍വീസ് വീണ്ടും ആരംഭിച്ചത്. സ്‌ഫോടനത്തില്‍ റെയില്‍വേ പാളത്തിന്റെ ഏകദേശം ഒരു മീറ്ററോളം പൂര്‍ണമായും തകര്‍ന്നിരുന്നു.