തലശേരി: തീവ്രവാദ വിരുദ്ധസേനയുടെ കസ്റ്റഡിയിലായിരുന്ന മാവോവാദി നേതാവ് സാവിത്രിയെ തലശേരി കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ഒന്നില്‍ സാവിത്രിയെ ഹാജരാക്കിയത്.
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് തീവ്രവാദ വിരുദ്ധ സേന വ്യാഴാഴ്ച മാവോവാദി നേതാവ് സാവിത്രിയെ കോടതിയില്‍ ഹാജരാക്കിയത് . തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതി സാവിത്രിയെ വീണ്ടും റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്‌ച്ച ഉച്ചയോടെ കനത്ത സുരക്ഷയില്‍ ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
ആദ്യം മൂന്നും പിന്നീട് ഏഴു ദിവസമാണ് തലശ്ശേരി ജില്ലാകോടതി സാവിത്രിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായി തീവ്രവാദവിരുദ്ധ സേനയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്. ചോദ്യംചെയ്യലില്‍ ഇവര്‍ വയനാട് കാട്ടിനുള്ളില്‍ ഡിറ്റനേറ്ററുകള്‍ കുഴിച്ചിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ഇവ കണ്ടെടുത്തു. ഇവ നിര്‍വ്വീര്യമാക്കാന്‍ കോടതി ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രന്‍ ഹാജരായി.