പാലക്കാട് : ഭൂമാഫിയയുമായും ബ്ലേഡുകാരുമായുള്ള നേതാക്കളുടെ അവിശുദ്ധ ബന്ധത്തില്‍ പ്രതിഷേധിച്ച് സി.പി.എം വിട്ട് പ്രവര്‍ത്തകര്‍. പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമായതോടെ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലാണ് പ്രാദേശിക നേതൃത്വത്തിന് ഞെട്ടലുണ്ടാക്കിക്കൊണ്ട് സി.പി.എമ്മില്‍ നിന്നും 35 ഓളം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നത്. പെരിങ്ങോട്ടുശ്ശേരി മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി ശശികുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നത്.
സി,പി,എം നേതാക്കള്‍ക്ക് ഭൂമാഫിയ, ബ്ലേഡ് പലിശക്കാര്‍, അഴിമതിക്കാര്‍ തുടങ്ങിയവരുമായി അവിശുദ്ധ ഇടപാടുകളുണ്ടെന്ന് പാര്‍ട്ടിവിട്ട പ്രവര്‍ത്തകര്‍ ആരോപിച്ചു. പാര്‍ട്ടിവിടാനുള്ള തീരുമാനത്തിന് പിന്നില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക പാര്‍ട്ടി സി.പി.ഐ ആണെന്ന തിരിച്ചറിവാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
സി.പി.എം നേതാക്കള്‍ അഴിമതിയ്‌ക്കൊപ്പം ഭൂമാഫിയയുടെ ഇടപാടുകാരുമായി മാറുന്നുവെന്നും പ്രാദേശിക നേതാക്കള്‍ ഇതെല്ലാം പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഇടപെട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സി.പി.ഐയ്ക്ക് പൊതുസമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ സി.പി.ഐയിലേക്കെത്തുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.