പത്തനംതിട്ട : കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്കൂൾ ഓഫ് മാപ്പിള ആർട്സ് പത്തനംതിട്ടയില്‍ അനുവദിച്ചു. പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ഥാപനത്തില്‍ ഡിപ്ലോമ ഇൻ മാപ്പിള മ്യൂസിക് (2 വർഷം), ഒപ്പന, കോൽക്കളി, ദഫ്, അറബന (1 വർഷം) എന്നീ ഡിപ്ലോമ കോഴ്സുകള്‍ക്ക് പുറമെ അറബിക്, ഉര്‍ദു സാഹിത്യ കലകളില്‍ പഠനവും പരിശീലനവും നൽകും. തെക്കന്‍ കേരളത്തിൽ ഇത്തരമൊരു സ്ഥാപനം ആദ്യമാണ്.
മാപ്പിള കലകള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയും മല്‍സരവേദികളില്‍ തനതു കലകളെ പരിചയപ്പെടുത്തുന്ന കലാ സമൂഹത്തെ വാര്‍ത്തെടുക്കലുമാണ് സ്കൂൾ ഓഫ് മാപ്പിള ആര്‍ട്സിൻ്റെ ലക്ഷ്യമെന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, നിർവ്വാഹക സമിതി അംഗം എൻ. പ്രമോദ് ദാസ് എന്നിവർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ മാപ്പിളകലാ സാഹിത്യസമിതി ജനറൽ സെക്രട്ടറി ഇ.എസ്.എ. ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് പരീത് ലബ്ബ, സെക്രട്ടറി ബിജു മുസ്തഫ, മില്ലത്ത് പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എ.എസ്.എം. ഹനീഫ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.