പന്തളം: മരടിലെ ഫ്ലാറ്റുകൾ സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ച എക്സ്പ്ലോസീവ്സ് വിഭാഗം ഡപ്യൂട്ടി ചീഫ് കൺട്രോളർ ആർ.വേണുഗോപാൽ പന്തളം സ്വദേശി പൂഴിക്കാട് ഉദയ സദനത്തിൽ കെ.രാഘവൻപിള്ളയുടെയും സുമതിയമ്മയുടെയും മകനാണ്.
തിരുവനന്തപുരത്തും പന്തളം എൻഎസ്എസ് കോളജിലുമായി സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സംസ്ഥാന സർവീസിൽ ജോലി ലഭിച്ചതിന് ശേഷം ഇവിടെ നിന്ന് നിന്ന് താമസം മാറ്റി. ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിലാണ് സ്ഥിര താമസം. കൊല്ലം ടികെഎം, തൃശൂർ ഗവ. എൻജിനീയറിങ് കോളജുകളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനിടെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും നേടി. കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഓർഗനൈസേഷനിൽ ജോലി ലഭിച്ചതോടെ സംസ്ഥാന സർവീസിലെ ജോലി ഉപേക്ഷിച്ചു. വെടിക്കോപ്പുകളുടെ കോട്ടയെന്ന് അറിയപ്പെടുന്ന ശിവകാശിയിലെ അപകട മരണ നിരക്ക് കുറയ്ക്കുന്നതിലും വെടിക്കെട്ട് നിരോധനം നിലനിൽക്കെ തൃശൂർ പൂരത്തിന്റെ സുരക്ഷിതമായ നടത്തിപ്പിലും പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകട കേസിലെ അന്വേഷണത്തിലും ഏറെ തിളങ്ങി. പെട്രോസേഫ്, പൈറോടെക്, ഒപെക്സ്, സ്റ്റോപ്പ് തുടങ്ങിയവ ഈ മേഖലയിലെ സുരക്ഷയ്ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപെയിനുകളാണ്. ബറോഡ, ചെന്നൈ, ശിവകാശി, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സേവനത്തിന് ശേഷമാണ് എറണാകുളത്തെത്തിയത്. ഭാര്യ ഡോ.എസ്.സജിത കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ശിശുരോഗ വിഭാഗം മേധാവിയാണ്. മകൾ കാർത്തിക പിള്ള ദുബായിൽ ജോലി ചെയ്യുന്നു.