പത്തനംതിട്ട : കര്‍ഷകരെ സംരക്ഷിക്കാനെന്ന വ്യാജേന ഉത്തരവ് ദേദഗതി ചെയ്ത് സംസ്ഥാനത്ത് നടത്തിയ മരംകൊള്ളയില്‍ മുഖ്യമന്ത്രിക്കും റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. സംസ്ഥാനത്തെ മരംമുറി സംഭവം ഹൈക്കോടതി നിരീക്ഷണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സര്‍ക്കാര്‍ ഓഫീസ് ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്‍പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത മരംമുറി സംഭവം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിക്കുന്നത് വേലിതന്നെ വിളവ് തിന്നുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയുടെ ചുമതല ഉണ്ടായിരുന്ന വനം വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ റിസര്‍വ് വനത്തില്‍ നടന്ന വനംകൊള്ളയെപ്പറ്റി പ്രത്യേകമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ്, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ശ്രീകോമളന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണ്ണ പ്രൊഫ. പി.ജെ കുര്യന്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, കെ. ജയവര്‍മ്മ, റജി തോമസ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, തോപ്പില്‍ ഗോപകുമാര്‍, അഡ്വ. എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, റോബിന്‍ പീറ്റര്‍, ജോണ്‍സണ്‍ വിളവിനാല്‍, സുനില്‍ എസ്. ലാല്‍, കെ.കെ റോയ്സണ്‍, ടി.കെ സാജു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.