അടൂര്‍ : 15 വർഷമായി മുടങ്ങിക്കിടക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക കാർഷീക ഉത്സവമായ മരമടി മഹോത്സവം തുടർന്ന് നടത്തുവാൻ നവ കേരള സദസ്സ് അവസരം ഒരുക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ആനന്ദപ്പള്ളി കർഷകസമിതി പ്രവർത്തകരും ആനന്ദപ്പള്ളി നിവാസികളും. മുഖ്യമന്ത്രിക്ക് മൂന്നു തവണ നിവേദനങ്ങൾ കൊടുത്തിട്ടും അടൂർ എം.എൽ എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിയമസഭയിൽ മുന്നു തവണ സബ്മിഷൻ അവതരിപ്പിച്ചിട്ടും കൃഷി വകുപ്പ് ബിൽ അവതരിപ്പിക്കാൻ താൽപര്യം കാണിക്കാതെ 6 വർഷമായി മാറ്റിവെച്ചിരിക്കുന്നു.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനോടുള്ള ബന്ധത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മൃഗപീഢനം ചൂണ്ടിക്കാട്ടി ഏർപ്പെടുത്തിയ വിലക്ക് മൂലം 2008 ലാണ് 60 വർഷമായി നടന്നു വന്നിരുന്ന ആനന്ദപ്പള്ളി മരമടി മഹോത്സവം ജില്ലാ ഭരണകൂടം നിരോധിച്ചത്. ജല്ലിക്കെട്ടിനു വേണ്ടി തമിഴുനാട്ടിൽ സമരം ശക്തി പ്രാപിച്ചപ്പോൾ കേന്ദ്രസർക്കാർ നിയമത്തിൽ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവങ്ങൾ നടത്താൻ അനുമതി കൊടുക്കുകയും ചെയ്തു. ഈ സമയം തന്നെ തമിഴ്നാടും കർണാടകവും മഹാരാഷ്ട്രവും അവരവരുടെ നിയമസഭകളിൽ ബിൽ പാസാക്കി അവരുടെ സംസ്ഥാനങ്ങളിൽ ഉത്സവം പുനരാരംഭിച്ചു. 2017 ൽ കേന്ദ്രസർക്കാർ കാർഷിക ഉത്സവത്തിനു നൽകിയ ഇളവ് ഏഴും വർഷം പിന്നിട്ടട്ടും കേരളത്തിലെ കർഷകരുടെ ഉത്സവത്തിനു സംസ്ഥാൻ സർക്കാർ നൽകിയില്ല എന്നത് ഏറ്റവും നിരാശ ഉളവാക്കുന്നതാണ്. നവകേരള സദസ്സ് അടൂരിൽ എത്തുമ്പോൾ നിവേദനം നൽകാൻ കാത്തിരിക്കുകയാണ് കർഷക സമിതി.