റാന്നി : റാന്നി സൗത്ത് സബ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട നെല്ലിക്കാമൺ, കണ്ടൻപേരൂർ, കരിയംപ്ലാവ്, മരോട്ടി പതാൽ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായി രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് മരോട്ടിപതാൽ ഫ്രണ്ട്സ് പുരഷപരസ്പര സഹായസംഘം ആവശ്യപ്പെട്ടു. മാനത്ത് മഴക്കോളു കാണുമ്പോൾ തന്നെ ഇവിടെ വൈദ്യുതി പോകുന്നത് പതിവാണ്.
ഈ മാസം മാത്രം 11 രാത്രികളിൽ വൈദ്യുതി ഇല്ലായിരുന്നു. റാന്നി സൗത്ത് സെക്ഷൻ നിന്നും ലൈനില്‍ മുട്ടി നില്‍ക്കുന്ന മരങ്ങൾ മുറിച്ച് മഴക്കാല മുന്നെരുക്കങ്ങൾ നടത്താതിരുന്നതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് സംഘം കുറ്റപ്പെടുത്തി.
തൊട്ടടുത്ത സ്ഥലങ്ങളിൽ റാന്നി സൗത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്നില്ല എന്നത് മഴയ്ക്ക് മുമ്പ് വശത്തെ മരങ്ങൾ മുറിച്ച് മഴക്കാല മുൻ ഒരുക്കങ്ങൾ നടത്തിയതിനാൽ ആണ് എന്നും സംഘം വിലയിരുത്തി.
പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ബഹുജനസമരവുമായി മുന്നോട്ടു പോകുന്നതിനും സംഘം തീരുമാനിച്ചു.
കരിയംപ്ലാവ് വനത്തോട് ചേർന്നുള്ള പ്രദേശങ്ങളായതിനാൽ വൈദ്യുതി കൂടി ഇല്ലാതാകുമ്പോൾ ക്ഷുദ്ര ജീവികളുടെ ശല്യം വർദ്ധിക്കുന്നതിനാൽ
ഭയത്തോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും റാന്നി സൗത്ത് സെക്ഷൻ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യം ശക്തമാണ്. സംഘം രക്ഷാധികാരി രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചുമോൻ ഏഴോലിൽ, ബിനു തൈപ്പറമ്പിൽ, ബിജു ചാക്കോ, എം.ജെ.രാജു, മോൻസി ജോസഫ്, സതീശ് ഉപ്പോലി എന്നിവർ പ്രസംഗിച്ചു.