പത്തനാപുരം : സി.പി.എം. ഏരിയ കമ്മിറ്റി അംഗവും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എസ്.സജീഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കഴിഞ്ഞ ദിവസം കൂടിയ ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. സജീഷ് തെറ്റായ വിവരം നല്‍കി രണ്ടാമതും വിവാഹം കഴിച്ചെന്ന ആദ്യഭാര്യയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ 12-ന് കിളിമാനൂര്‍ സ്വദേശിയെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച് വിവാഹം കഴിച്ചെന്നാണ് പരാതി. വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിന് സജീഷിനെതിരേ നടപടിയാവശ്യപ്പെട്ട് പാര്‍ട്ടി അംഗമായ ആദ്യഭാര്യ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ജില്ലാ രജിസ്ട്രാര്‍ക്കും പരാതി കൊടുത്തിരുന്നു.
കുടുംബപ്രശ്നങ്ങളുടെ പേരില്‍ ആദ്യഭാര്യ നല്‍കിയ പരാതിയിലാണ് മാസങ്ങള്‍ക്കുമുന്‍പ് സജീഷിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. വിഷയം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്ന് അന്ന് നേതൃത്വം അറിയിച്ചിരുന്നു. പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല തെറ്റായ വിവരം നല്‍കി വീണ്ടും വിവാഹം കഴിച്ചെന്ന പരാതികൂടി വന്നതോടെ പാര്‍ട്ടി കടുത്ത നടപടിയിലേക്ക് കടക്കുകയായിരുന്നു.