തിരുവനന്തപുരം : കോവിഡ് 19 വ്യാപന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ദമ്പതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
തദ്ദേശ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ട് ഹാജരാകുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളുടെ ഭേദഗതി നിലവില്‍ വരുന്ന തീയതി വരെയാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി.
വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരുടെ തൊഴില്‍ സംരക്ഷണം ലഭിക്കുന്നതിനും, താമസസൗകര്യം ലഭിക്കുന്നതിനുള്ള നിയമസാധുതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വ്യാജ ഹാജറാക്കലുകളും ആള്‍മാറാട്ടവും ഉണ്ടാകാതിരിക്കാന്‍ തദ്ദേശ രജിസ്ട്രാര്‍മാരും വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി സൂചിപ്പിച്ചു.