ഏവർക്കും ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടാറ്റ മോട്ടോർസ്. സേഫ്റ്റി, കിടിലൻ ഡിസൈൻ, അത്യാവശ്യത്തിന് ഫീച്ചറുകൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് കമ്പനി തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം ഒരുക്കിയെടുത്തിരിക്കുന്നത്. പോരാത്തതിന് കാലികമായി കാറുകളെ പുതുക്കി വിപണിയിൽ അവതരിപ്പിക്കാനും ടാറ്റയ്ക്ക് പ്രത്യേക കഴിവാണുള്ളത്. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ മൂന്നാമനായി വാഴുന്ന കമ്പനി നവംബറിൽ ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായി തന്നെ തുടരുകയാണ്. മൂന്നാം സ്ഥാനം നിലനിർത്തിയെങ്കിലും കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2023 നവംബർ മാസത്തെ വിൽപനയിൽ ചെറിയൊരു ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ആഭ്യന്തര, ആഗോള വിപണികളിൽ 72,647 യൂണിറ്റ് കാറുകളാണ് കമ്പനി പോയ മാസം നിരത്തിലെത്തിച്ചത്.
ഇന്ത്യയിൽ മാത്രം ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം 46,068 യൂണിറ്റുകൾ വിതരണം ചെയ്തു. ഈ വർഷം ഒക്ടോബറിൽ കാർ നിർമാതാവ് വിറ്റതിൽ നിന്ന് കുറവാണ് ഈ കണക്കുകൾ എന്നതും ചെറിയ തിരിച്ചടിയാണ്. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തത്തിലുള്ള വിൽപ്പന നവംബറിൽ ഒരു ശതമാനം കുറഞ്ഞുവെങ്കിലും ആശ്വാസത്തിന് വകയുണ്ടെന്നാണ് കമ്പനിയുടെ ആത്മവിശ്വാസം. പക്ഷേ ഒക്ടോബറിൽ ടാറ്റ മോട്ടോർസ് നെക്‌സോൺ, നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ്, ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികൾ ഉൾപ്പെടെ നാല് മോഡലുകൾ പുറത്തിറക്കിയിട്ടും വിൽപ്പനയിൽ ഇടിവുണ്ടായത് തിരിച്ചടിയെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ടാറ്റ മോട്ടോർസിന്റെ ആഭ്യന്തര വിൽപ്പന 2022 നവംബറിലെ വിൽപ്പന നമ്പറുകളേക്കാൾ 31 യൂണിറ്റുകൾ കൂടുതലാണ്.
എന്നിരുന്നാലും ടാറ്റയുടെ ഉപകമ്പനിയായ ജാഗ്വർ ലാൻഡ് റോവറിന്റെ മോശം പ്രകടനം കാരണമാണ് ടാറ്റയുടെ മൊത്തത്തിലുളിള വളർച്ച നിരാകരിക്കപ്പെട്ടത്. ഏകദേശം 80 ശതമാനം ഇടിവാണ് ഈ ലക്ഷ്വറി ബ്രാൻഡിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം വിതരണം ചെയ്ത 46,143 യൂണിറ്റുകളിൽ 4,761 യൂണിറ്റുകളും ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവനയായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണ് ഇവി സെഗ്മെന്റിലുണ്ടായത്. കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ ടാറ്റ മോട്ടോർസിന്റെ ഇവികൾ വിൽപ്പനയുടെ 10 ശതമാനത്തിലധികം സംഭാവനയാണ് നൽകുന്നത്. ഒക്ടോബർ ആദ്യ പകുതിയിൽ ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ, നെക്‌സോൺ ഇവി എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കിയിട്ടും വിൽപ്പന ഇടിഞ്ഞത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. നിലവിൽ എല്ലാ സെഗ്‌മെന്റുകളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് നെക്‌സോൺ.
ടാറ്റ മോട്ടോർസിന്റെ ഏറ്റവും ചെറിയ എസ്‌യുവിയായ പഞ്ചാണ് വാഹന നിർമാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ രണ്ടാം സ്ഥാനത്തുള്ളത്. ഒക്‌ടോബർ മാസാവസാനത്തോടെ ടാറ്റ അവരുടെ മുൻനിര എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും അവതരിപ്പിച്ചു. നേരത്തെ പ്രധാന മത്സരം ഹ്യുണ്ടായിയുമായായിരുന്നുവെങ്കിലും നവംബറിൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് കൈയ്യെത്താ ദൂരത്തേക്ക് പറന്നു. കൊറിയൻ വാഹന ഭീമനായ ഹ്യൂണ്ടായ് മോട്ടോർ നവംബറിൽ 65,801 യൂണിറ്റുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനം ഭദ്രമാക്കി. അതേസമയം ടാറ്റ മോട്ടോർസിന്റെ പ്രധാന എതിരാളികളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര നവംബറിൽ 39,981 യൂണിറ്റ് വിൽപ്പന നേടിയെടുത്ത് ഇരുവരും തമ്മിലുള്ള വിടവ് നികത്തി.