ചെന്നൈ: തമിഴ് സൂപ്പർ താരം കമൽ ഹാസൻ കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ വിവാദം. മണിരത്‌നം – കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിന്റെ പ്രമോഷൻ പരിപാടിയിൽ ആയിരുന്നു പരാമർശം. ‘നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്’ എന്ന കമലിന്റെ നിലപാടിനെതിരെ കന്നഡ സംഘടനകളും കർണാടക ബിജെപി നേതാക്കളും രംഗത്തെത്തി. കമൽ ഹാസനെതിരെ കന്നഡ അനുകൂല സംഘടനകൾ ബംഗളൂരുവിൽ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ കീറിക്കൊണ്ട് പ്രതിഷേധിച്ചു. കമൽ ഹാസൻ നടത്തിയത് നിലവാരമില്ലാത്ത പ്രതികരണമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ വിജയെന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി.
കമൽ ഹാസൻ കന്നഡയെ അപമാനിച്ചു. നടൻ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി കന്നഡയെ ഇകഴ്ത്തി സംസാരിച്ച കമൽ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, കമൽ ഹാസനെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. കമൽ ഹാസന് കന്നഡയുടെ ചരിത്രത്തെ കുറിച്ച് ബോധ്യമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ‘കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമൽ ഹാസന് അതറിയില്ല’. എന്നായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ വാക്കുകൾ.