കോട്ടയം: കോട്ടയം പള്ളിക്കത്തോട് പൂവത്തിളപ്പിലെ വീട്ടിൽ വൻ കവർച്ച. വീട്ടുകാരാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 23 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. പൂവത്തിളപ്പ് സ്വദേശിയായ എബ്രഹാമിന്റെ വീട്ടിലായിരുന്നു മോഷണം. എബ്രഹാം ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലും മക്കൾ കുടുംബസുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു സംഭവം. വീടിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകയറിയതാകാമെന്നാണ് പോലീസ് പറയുന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വളകൾ, പാദസരം, കമ്മലുകൾ എന്നിവയടക്കം 23 പവൻ സ്വർണാഭാരണങ്ങളാണ് മോഷണം പോയത്. മറ്റൊരു മുറിയിലുണ്ടായിരുന്ന രണ്ട് മാലകൾ നഷ്ടപ്പെട്ടതായി കരുതിയിരുന്നെങ്കിലും പിന്നീട് അവ വീട്ടിലെ ഒരു കുപ്പിയിൽ നിന്ന് കണ്ടെത്തിയതായി എബ്രഹാം പറഞ്ഞു.
പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണമാണിതെന്നാണ് പോലീസിന്റെ നിഗമനം. വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒരാൾ അല്ലെങ്കിൽ ഒന്നിലധികം ആളുകൾ ചേർന്ന് ആളില്ലാതിരുന്ന സമയം നോക്കി മോഷണം നടത്തിയതാകാമെന്നാണ് നിഗമനം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.































