തിരുവനന്തപുരം : നഗരങ്ങളിൽ വെയിലത്തും മഴയത്തും കഠിനാധ്വാനം ചെയ്യുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികൾക്ക് ആശ്വാസമേകി സംസ്ഥാനത്ത് സൗജന്യ വിശ്രമമുറികൾ ഒരുങ്ങുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് വിശ്രമമുറികൾ തുറക്കുക. അടുത്ത മാസം 20-നകം ഇവ പ്രവർത്തനസജ്ജമാകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. പദ്ധതിക്കായി 90 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വിശ്രമമുറികൾ 24 മണിക്കൂറും പ്രവർത്തിക്കും. കിടന്നു വിശ്രമിക്കാനുള്ള കട്ടിലുകൾ, വൃത്തിയുള്ള ശുചിമുറി സൗകര്യം, കുടിവെള്ളം, വിനോദത്തിനായി ടിവി എന്നിവയും ലഭ്യമായിരിക്കും.
ഗിഗ് തൊഴിലാളികൾക്ക് സൗജന്യമായാകും സേവനങ്ങൾ ലഭ്യമാക്കുക. നിലവിൽ വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുകയെങ്കിലും വൈകാതെ തന്നെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി പിന്നീട് കണ്ടെയ്‌നർ ബ്ലോക്ക് രീതിയിലുള്ള അത്യാധുനിക വിശ്രമമുറികൾ സ്വന്തമായി നിർമ്മിക്കാനും വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബിനായി 20 കോടി രൂപ മാറ്റിവെക്കുമെന്ന് 2026 കേരള ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.






























