പത്തനംതിട്ട : മത്തായിയുടെ കൊലയാളികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നടത്തിവരുന്ന സമരം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്ന് 17 ദിവസം പിന്നിടുകയാണ്. മത്തായിയുടെ കുടുംബവും അവരുടെ കുടുംബ വീടിനു മുമ്പില്‍ സത്യാഗ്രഹ സമരത്തിലാണ്. മത്തായിയുടെ സംസ്കാരം ഇതുവരെ നടത്തിയിട്ടില്ല. കൊലയാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബം.
എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ഭരണകക്ഷി യൂണിയനില്‍ പെട്ട ഉദ്യോഗസ്ഥരെ രക്ഷപെടുത്തുവാന്‍ സര്‍ക്കാരും പോലീസും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആരോപണം. ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി കെ. രാജു തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് നിലകൊള്ളുന്നത്. നിലവില്‍ ചിറ്റാറില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരം തുടരുന്നതോടൊപ്പം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്ക് കൂടി സമരം വ്യാപിപ്പിക്കുവാനാണ് കോണ്‍ഗ്രസിന്റെയും ഓര്‍ത്തഡോക്സ് സഭയുടെയും നീക്കം. ഇതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നാളെ (വെള്ളിയാഴ്ച) കളക്ടറേറ്റിനു മുമ്പില്‍ ഉപവാസ സമരം നടത്തുമെന്ന് പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
നേതാക്കളായ ആന്റോ ആന്റണി എം.പി, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. കെ.ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, പന്തളം സുധാകരന്‍, പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എന്നിവരാണ് ഉപവസിക്കുന്നത്.
ചിറ്റാറില്‍ നടന്നുവരുന്ന 18-ാം ദിവസത്തെ സത്യാഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ എബ്രഹാം ഉദ്ഘാടനം ചെയ്യുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.