പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ കർഷകനായ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ ജീപ്പ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തു. മത്തായിയുമായി വനപാലകർ അവസാനമായി യാത്ര ചെയ്ത ജീപ്പ് സംഭവദിവസം ഉപേക്ഷിച്ചു പോയതാണ്. ഇതു പിന്നീട് പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജീപ്പ് സിബിഐ സംഘം കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയശേഷം തിരുവനന്തപുരം ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
മത്തായിയെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയതും തെളിവെടുപ്പിനെന്ന പേരിൽ കുടപ്പനയിലെത്തിയതുമെല്ലാം ഈ ജീപ്പിലായിരുന്നു. കിണറ്റിൽ മത്തായി കിടക്കുന്നതറിഞ്ഞ് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ വനപാലകർ ജീപ്പ് കുടപ്പനയിൽ തന്നെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഇതിനിടെ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാമെന്ന് കരുതുന്നവരിൽ ഒളിവിൽ കഴിയുന്ന രണ്ടുപേരെ ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. ഇതു കേസിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. വനപാലകരുടെ സഹായികളായിരുന്ന ഇരുവരും സിബിഐ അന്വേഷണം ഏറ്റെടുത്തതു മുതൽ ഒളിവിലാണ്.
നിർണായക വെളിപ്പെടുത്തലുകൾ ഇവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സിബിഐ സംഘം ഉറപ്പിച്ചിട്ടുണ്ട്. നേരത്തെ പോലീസ് അന്വേഷണത്തിനിടെ രണ്ടുതവണ ഇവർ മൊഴി മാറ്റിയിരുന്നു. മത്തായിയെ കസ്റ്റഡിയിലെടുത്തശേഷം വനപാലകർക്കെന്ന പേരിൽ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75000 രൂപ ആവശ്യപ്പെട്ടത് ഇവരിലൊരാളാണ്. മത്തായിയെ ചോദ്യം ചെയ്യാനെന്ന പേരിൽ ഉൾവനത്തിൽ കൊണ്ടുപോയപ്പോഴും ഇയാൾ ഒപ്പമുണ്ടായിരുന്നു. ഇയാളും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ വനംവകുപ്പ് തന്നെയാണ് പുറത്തുവിട്ടത്.
ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷമേ വനപാലകരിലേക്ക് വിശദമായ മൊഴിയെടുപ്പ് നടത്തുകയുള്ളൂവെന്നാണ് സൂചന. വനപാലകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ചിറ്റാറിലെ വനപാലകരായ എ.കെ. പ്രദീപ് കുമാർ, ടി. അനിൽ കുമാർ, എൻ. സന്തോഷ്, ഇ.വി. പ്രദീപ് കുമാർ, താത്കാലിക ഡ്രൈവർ പ്രതിൻ എന്നിവരാ ണ് കോടതിയെ സമീപിച്ചിരുന്നത്.
കേസിൽ ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി അറസ്റ്റ് ചെയ്യുന്നതിനു തടസമില്ലെന്ന് ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന സിബിഐ കോടതിയിൽ എതിർത്തിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ ്മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ചത്. കുടപ്പന വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് കുടുംബവീടിനു സമീപമുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
40 ദിവസത്തോളം കുടുംബം നടത്തിയ പോരാട്ടത്തിനൊടുവിൽ കേസ് സിബിഐ ഏറ്റെടുക്കുകയും മോർച്ചറിയിൽ സൂക്ഷി ച്ചിരുന്ന മൃതദേഹം രണ്ടാമത് പോസ്റ്റുമോർട്ടം നടത്തുകയും ചെയ്ത ശേഷമാണ് സംസ്കരിച്ചത്. രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഫോറൻസിക് സർജന്മാരുടെ സാന്നിധ്യത്തിൽ സിബിഐ സംഘം വിലയിരുത്തി. നിരവധി തവണ സംഭവസ്ഥലം സന്ദർശിച്ച സിബിഐ സംഘം നൂറോളം പേരെ ഇതിനോടകം ചോദ്യം ചെയ്തിരുന്നു. മത്തായിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ കണ്ടു. പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രത്യേക ഓഫീസ് തുറന്നാണ് അന്വേഷണം നടത്തുന്നത്.