പത്തനംതിട്ട : വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ മത്തായിയുടെ ഭാര്യയെ അറിയിച്ചു. മത്തായിയുടെ ഭാര്യ ഷീബയെ സിബിഐ തിരുവനന്തപുരത്ത് വിളിച്ച് വിശദവിവരങ്ങൾ ശേഖരിച്ചു.
സിബിഐ എസ്പി നന്ദകുമാർ നായർ, ഡിവൈഎസ്പി ടി.പി. അനന്ദകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് മത്തായിയുടെ മരണം അന്വേഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഷീബയിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചു. നാലു മണിക്കൂർ കൂടിക്കാഴ്ച നീണ്ടു. റീ പോസ്റ്റുമോർട്ടം വേണ്ടിവന്നേക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ ഷീബയെ അറിയിച്ചു. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നത് വൈകും.
പോലീസ് അന്വേഷണത്തിന്റെ തുടർച്ച ആയിട്ടല്ല, പകരം തുടക്കം മുതലാകും സിബിഐ കേസ് അന്വേഷിക്കുക. ഉടൻ അന്വേഷണം ആരംഭിക്കും. റീ പോസ്റ്റുമോർട്ടം ആവശ്യമെങ്കിൽ അതുകഴിഞ്ഞു മതി സംസ്കാരം എന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം. സിബിഐ അന്വേഷണം വന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. നേരത്തെ കേസ് അന്വേഷിച്ച പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ടിന് പുറമെ സീൽ വെച്ച കവറിലും വിശദാംശങ്ങൾ നൽകിയിരുന്നു. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതിരുന്നതിന് കാരണം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം വന്നതോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്തായിയുടെ കുടുംബം. ജൂലൈ 28നാണ് മത്തായിയെ കുടുംബ വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.