കണ്ണൂര്‍ : പ്രണയചാറ്റിന്റെ പേരില്‍ കൊലപാതകം പ്രതി പിടിയില്‍. പഴയങ്ങാടി മാട്ടൂലില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി കസ്റ്റഡിയില്‍. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. മാട്ടൂല്‍ സൗത്ത് ബദറുപള്ളിക്കു സമീപാണ് യുവാവ് കുത്തേറ്റു മരിച്ചത്. മാട്ടൂല്‍ സൗത്തിലെ ട്രാവല്‍ ഏജന്‍സി ഉടമയായ മാട്ടൂല്‍ കടപ്പുറത്തെ ഹിഷാമെന്ന കോളാമ്പി ഹിഷാമാ (30) ണ് ഇന്നലെ രാത്രി എട്ടരയോടെ നാട്ടുമധ്യസ്ഥത്തിനിടെ കുത്തേറ്റു മരിച്ചത്. ഹിഷാമിന്റെ കൂടെയുണ്ടായിരുന്ന ഷക്കീബിനും (30) അക്രമം തടയുന്നതിനിടെ കുത്തേറ്റു. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷക്കീബിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പോലിസ് റിപ്പോര്‍ട്ട്.
ഹിഷാമിന്റെ സഹോദരന്‍ പ്രദേശത്തെ ഒരു പെണ്‍കുട്ടിയുമായി നടത്തിയ വാട്സ്‌ആപ്പ് ചാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ഈക്കാര്യത്തില്‍ ക്ഷുഭിതരായിരുന്നു. അനാവശ്യ സന്ദേശങ്ങള്‍ അയക്കരുതെന്നു ആവശ്യപ്പെട്ടതു ഹിഷാമിന്റെ സഹോദരന്‍ തള്ളിയതും ഇതിനെതുടര്‍ന്നുണ്ടായ വ്യകതി വൈരാഗ്യവുമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്.