പോത്തന്‍കോട് : പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊലപാതകം നടന്ന കല്ലൂര്‍ പാണന്‍വിളയിലെ വീട്ടിലും കൊലപാതകത്തിന് ശേഷം കാല് വെട്ടിയെടുത്തെറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും തെളിവെടുപ്പ് നടത്തി. മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി, ഗുണ്ടാത്തലവനായ അഴൂര്‍ സ്വദേശി ഒട്ടകം രാജേഷ്, ചെമ്പകമംഗലം മുട്ടായി ശ്യാം, ശാസ്തവട്ടം സ്വദേശികളായ മൊട്ട നിധീഷ്, നന്ദീഷ്, കണിയാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്, വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍, വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിന്, കന്യാകുളങ്ങര കുനൂര്‍ സ്വദേശി സൂരജ്, മംഗലപുരം സ്വദേശികളായ ജിഷ്ണു, നന്ദു എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച സമയം നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. വലിയ സുരക്ഷാ സംവിധാനത്തോടുകൂടിയാണ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചത്.
പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പ്രതികള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ പരിശോധനയില്‍ പ്രതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഗൂഢാലോചന നടത്തിയ സ്ഥലങ്ങള്‍, പരിശീലനം നടത്തിയ സ്ഥലം, ആയുധങ്ങള്‍ ഒളിപ്പിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ പതിനൊന്നാം തീയതിയായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷിനെ ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ വെച്ച് പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
തുടര്‍ന്ന് സുധീഷിന്റെ വെട്ടിയെടുത്ത കാല് സമീപത്തെ റോഡില്‍ വലിച്ചെറിഞ്ഞിരുന്നു. തന്നെ വെട്ടിയവരുടെ പേര് സുധീഷ് മരണമൊഴിയായി പോലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ സി.സി ടി.വി കാമറ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിനായി പ്രതികള്‍ എത്തിയ ഓട്ടോയും രണ്ട് ബൈക്കുകളും കൊലക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. പോത്തന്‍കോട് ഇന്‍സ്പെക്ടര്‍ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യന് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.