അലഹബാദ്: പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള ഏതൊരു വ്യക്തിക്കൊപ്പവും താമസിക്കാമെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഓരോ വ്യക്തിക്കും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെങ്കിലും വിവാഹത്തിനായി മാത്രം മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. അത്തരത്തിലുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രത്യേക വിവാഹ നിയമപ്രകാരം രണ്ട് മതങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് അവരുടെ മതം മാറ്റാതെ തന്നെ വിവാഹജീവിതം നയിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം എല്ലാ മതസ്ഥര്‍ക്കും ബാധകമാണ്. ഇതൊക്കെയാണെങ്കിലും ആളുകള്‍ വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നു, അത് ശരിയല്ല.
18കാരി അന്യമതക്കാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസ്സ് തികഞ്ഞ പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുമതി നല്‍കി.